മഴമേഘങ്ങൾ കരിനിഴൽ തൂകിആകാശ വിതാനത്തിൽ ഒത്തുകൂടവേ,
ഭൂമിയിലെ സസ്യലതാദികൾ ആഹ്ലാദത്താൽ
ഇളം കാറ്റിൽ പുളകിതമാകവേ,
ബാഷ്പവും ചൂടി പോകുന്ന തൈതെന്നൽ
നനവുള്ള അനുഭൂതി പകരവേ,
സൂര്യൻ കാർമുകിലാൽ മറയവേ,
പുഴയിലെ മീനുകൾ ചാടിമറിയവെ,
പക്ഷികൾ തൂവൽ മിനുക്കി
മഴയെ വരവേൽക്കവേ,
അണ്ണാറകണ്ണൻ ചിൽചിൽ വിളിയുമായ്
മരച്ചില്ലകളിൽ ചാടികളിക്കവേ,
കാക്കയും കൊറ്റിയും കൂടുതേടി പറക്കവേ,
കുളക്കോഴി തോട്ടുവരമ്പിലൂടെ
കൂടണയവെ ,
പൂക്കൾ മഴയെ തഴുകാൻ
കുമ്പിട്ടു നിൽക്കവേ,
ഒരായിരം ജല തുള്ളികൾ,
അവളെപുൽകി മഴയായ് പെയ്യവേ,
ചേമ്പിലയും ചൂടി കർഷകൻ
കുടിലിലേക്ക് നടക്കവേ,
മഴത്തുള്ളികൾ അവൾതൻ
ഈറൻ മുടിയെ തഴുകവേ,
ഇലകളിൽ നിന്നിറ്റു വീഴും ജല-
കണങ്ങൾ അവളെ തരളിതമാക്കവേ,
അവൾ ഈ ലോകത്തിലെ ഏറ്റവും-
സുന്ദരി, വശ്യമനോഹരി, അവൾ.....
എന്റെ ഗ്രാമം.
കുളപ്പുറം ഷാജി


2 comments:
നന്നായിട്ടുണ്ട്, ആശംസകള്‍
സുന്ദരഗ്രാമം
സുന്ദരകവിത
Post a Comment