മൗന൦

Friday, November 26, 2010 · 4 comments

ഈ ലോകത്തോടു വിടപറഞ്ഞ
എന്‍റെ സ്നേഹിതര്‍ക്കായ്‌....
ഒരുനാള്‍ നീയെന്നരികിലെത്തുമെന്ന-
പ്രതീക്ഷയിലൊരുപിടി സ്വപ്നങ്ങളു-
മായ്, നിന്നെയും കാത്തു ഏകാകിയായ്‌
ഞാനിരുന്നീ വിശ്വത്തില്‍.

അതുകണ്ടു ചിലരടക്കം പറഞ്ഞു ഭ്രാന്തന്‍
ഈ ലോകമെന്തെന്നറിയാത്തവന്‍!
സൂരൃനും ചന്ദ്രനും പലകുറി വന്നുപോയി.
പലസംവല്‍സരങ്ങള്‍ മാഞ്ഞു പോയതും
ഞാനറിഞ്ഞീല നിന്‍ ഓര്‍മയില്‍!

ഇന്നും ഞാനിരിക്കുന്നീ മാവിന്‍
ചുവട്ടില്‍ നിന്നെയും കാത്തു!
വസന്തവും, ഗ്രീഷ്മവും, വേനലും,
മഴയും, മഞ്ഞും വന്നു പോയതും
ഞാനറിഞ്ഞീല നീ വരുമെന്ന പ്രതീക്ഷയില്‍.

എന്‍ കാല്ചുവട്ടിലെ പുല്‍-
നാമ്പുകള്‍ പലകുറി കരിഞ്ഞു,
കിളിര്‍ത്തു, പൂവിട്ടു പലതല-
മുറകളുടെ ശേഷിപ്പുമായ് പുതു
മുകുളങ്ങള്‍ നാമ്പിട്ടതും, കിളികള്‍
കൂടൊരുക്കി പുതു തലമുറകള്‍ക്ക്
പലകുറി ജന്മമേകിയതും,
ഞാനറിഞ്ഞീല നീ വരുമെന്ന പ്രതീക്ഷയില്‍.

ചിത്രജാലകത്തിലെ വര്‍ണ്ണ
രാജികളില്‍ തീര്‍ത്തൊരു
സ്വപ്നമായെന്‍ മുന്നിലെത്തുന്നു
നമ്മുടെ കുട്ടിക്കാലവും, സൗഹൃദവും,
ഗ്രാമഭംഗിയും, നാടന്‍ പാട്ടും,
ഗ്രാമീണകലയും, കളികളും,
 ഉത്സവപറമ്പും, വിദ്യാലയവും,
മഴയും,തോടും, കുളവും,
പരല്‍ മീനും,കിളികളും,
അണ്ണാറകണ്ണനും, മാമ്പഴവുമെല്ലാം!

ജീവനറ്റശരീരമായ് നീയെത്തിയതും,
എന്നോടൊന്നുമുരിയടാതെയീ-
മാവിന്‍ ചുവട്ടിലന്ത്യവിശ്രമം
കൊള്ളുന്നതും ഞാനറിയുന്നു,
ഏകാകിയായ്‌ നിന്നരികിലിരുന്നു.

ഒരുനാള്‍ നിന്നരികിലെത്തുമെന്ന
പ്രതീക്ഷയും പേറി ഞാനിരിക്കുന്നീ-
വിശ്വത്തില്‍ നിന്‍ ഓർമയുമായ്.

                                            കുളപ്പുറം ഷാജി.

മഹാബലി

Tuesday, August 17, 2010 · 0 comments

ബാല്യത്തിന്‍റെ അത്ത ചമയവുമായി
ചിങ്ങമാസമെത്തുന്നു വീണ്ടും.
ഒരു കൈ കുമ്പ്ലില്‍ ഓണ പൂക്കളും
മറു കൈ കുമ്പ്ലില്‍ സൗഹൃദവും
പേറി ഈ ഗ്രാമവീഥികളിലൂടെ എന്‍റെ
നാട്ടിന്‍പുറവും മോടിയാക്കുവാന്‍,
സ്നേഹം പങ്കുവൈക്കുവാന്‍,
പഴമയും പുതമയും ഒത്തുകൂടും
നാള്‍കള്‍ സമ്മാനിക്കാന്‍, എങ്ങും
കളിചിരിയും സന്തോഷവും
പകരുവാന്‍ അവള്‍ വീണ്ടുമെത്തുന്നു!
ചിങ്ങമാസ  പുഞ്ചിരിയുമായ്....

ഓലക്കുടചൂടി വരും മഹാബലി-
യേയും കാത്തു മുറ്റത്ത്‌ പൂക്കളം
തീര്‍ത്തു ഞാനിരുന്നു പല ഓണ
നാള്‍ക്കളില്‍, നല്ലൊരു മലയാള
നാട് വീണ്ടും പുലരുമെന്ന-
പ്രതീക്ഷയും നെഞ്ചിലേറ്റി.

ഓണ നാളില്‍ വരും മഹാബലിയും,
നല്ല മലയാള നാടും ഇന്നുമൊരു
പ്രതീക്ഷ മാത്രമായ് അവശേഷിക്കുന്നു!.
                                     കുളപ്പുറ൦ ഷാജി.

രാത്രിമഴ

Saturday, July 17, 2010 · 3 comments


ആയിരം സ്വപ്നങ്ങളെന്‍ നിദ്രയെ-
തഴുകി കടന്നു പോകുന്നു.
എങ്കിലും സഖി നിന്‍ നിനവുകളെ-
ന്നില്‍ പകരുന്നയെതോയൊരുയ-
നുഭൂതിയിലിന്നും ഞാന്‍ മഴയെ
പുല്‍കുമൊരു നെല്‍കൊടിയാകുന്നു.

ഒരുനാള്‍ നീ ഒരു പനിനീര്‍ പുഷ്പവും
ചൂടിയെന്‍ അരികിലെത്തി.
നിന്‍ വശ്യമനോഹര കാർകൂന്തളും,
താമരയിതള്‍പോല്‍ വിടരും
നയനങ്ങളും, ചെഞ്ചുണ്ടും,
പുഞ്ചിരിയും നോക്കിയൊരുനിമിഷം
ചേതനയറ്റു ഞാന്‍ നിന്നു!

എന്‍ രാത്രികളെ ഉറക്കമില്ലാ-
രാവുകളാക്കാന്‍ പഴയ ഓര്‍മകളുടെ
ഭാണ്ടകെട്ടും പേറി മനസിന്‍റെ
ഉള്ളറകള്‍ തഴുകി നീയിന്നു
മെത്തുന്നൊരു രാത്രിമഴയായ്.
                        കുളപ്പുറ൦ ഷാജി.

അഞ്ചു വാചകങ്ങള്‍

Thursday, May 13, 2010 · 0 comments

          സൗഹൃദം 

എവിടെ നിന്നോ സൗഹൃദം
മഴയായ് വന്നുപോകുന്നു.
അതിനുറവിടമാരും
അന്നെഷിക്കാരുമില്ല!!..


          പ്രതീക്ഷ 
നാളെയെന്നോന്നില്ല പിന്നെ-
യുള്ളതോ "ഇന്നും ഇന്നലയും "
മാത്രമാണ് . നാളെയെന്നതൊരു
പ്രതീക്ഷമാത്രമാണ് !!..


          നഷ്ടബോധം 
നഷ്ടപ്പെടുന്നതെന്തും 
നമ്മുടെ പ്രിയപ്പെട്ടതാണ്!!..


          കുട്ടിക്കാലം 
കുയില്‍ പാട്ടുകേട്ട് മറുപാട്ട് 
പാടുവനാശിക്കുന്നെന്റെ-
മനസിന്റെയുള്ളറയിലെവിടെ-
യോയൊരു കാഴ്ചക്കാരന്റെ
കൌതുകവും അന്നെഷകന്റെ 
മനസുമുണ്ടെന്നരിയുന്നു 
കുയില്‍ പാട്ടിലൂടെ!!..


          കാലചക്രം 
സായന്തനവും പ്രഭാതവും 
സനാതനമായ മരണവും 
പുനര്‍ജെനിയുമാകുന്നു.
കാലചക്രയവനികയിലെ
കടുംചായകൂട്ടില്‍ തീര്‍ത്ത 
ശില്പങ്ങളായ് സൂര്യനും 
ചന്ദ്രനുമെന്നുമെത്തുന്നു!!..


............കുളപ്പുറം ഷാജി

About this blog

ഓര്‍മിക്കാനും ഓമനിക്കാനും എല്ലാരുടെയും ജീവിതത്തില്‍ പഴയ ഒരുപാടു ഓര്‍മകള്‍ ഉണ്ടായിരിക്കും. ഞാന്‍ എപ്പോഴും പഴയ ഓര്‍മകളുടെ കളികൂട്ടുകാരനാണ് , ആ പഴയ ഓര്‍മകളില്‍ മുഴുകി ഏറെ നേരമിരിക്കാന്‍ ഞാന്‍ ആശിച്ചുപോകാറുണ്ട് , ആ നിമിഷത്തില്‍ എന്റെ മനസ്സില്‍ കടന്നു വരുന്ന ചിലത് ഞാനിവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നു.....