സ്വാഗതം 2014

Tuesday, December 31, 2013 · 1 comments

പല ആശകളുടെ വർണ്ണ മോഡിയുമായി,
ജീവിതത്തിനു പ്രണയ നിലാവ് പകർന്ന്,
ഓർക്കാനും ഓർമിക്കാനും പല നിമിഷങ്ങൾ
സമ്മാനിച്ച്‌, സന്തോഷത്തിൻ പൂത്തിരികൾ
വിതറി പോയ്മറയുന്നു ഈ ലോകത്തിൻ-
കാലച്ചക്രത്തിലെ ഖടികാരത്തിൻ-
ആവർത്തനമായി അവൾ 2013.

വീണ്ടും പ്രതീക്ഷയുടെ പൂക്കളുമായി-
ജീവിതത്തിനു നറുമണം വിതറാൻ,
ആശകളും അഭിലാഷങ്ങളും നിറവേറ്റുവാൻ-
365 ദിനരാത്രങ്ങലുമായി അവൾ 2014
പതിയെ പിച്ചവൈക്കുന്നു ഈ ലോകത്തിൻ-
ഗതിവിഗതികൾ നിച്ചയിക്കാൻ.

പ്രതീക്ഷയുടെ നവ വർഷമേ
നിനക്ക്‌ സ്വാഗതം.
                                                        
                                                               കുളപ്പുറം ഷാജി.

കിഴക്കിന്‍റെ റോമിലേക്ക് ഒരു യാത്ര

Thursday, October 31, 2013 · 1 comments

യാത്ര അതുചിലപ്പോൾ യാദൃചികമായോ അല്ലെങ്കിൽ ഒരുപാട് തയ്യാറെടുപ്പുകൾക്കും, കൂടിയലോച്ചനകൾക്കും ശേഷമോ സംഭവിക്കുന്ന ഒന്നാണ്. അത് പലപ്പോഴും നമ്മുടെ മാനസികവിചാരങ്ങളെ അമ്പരപ്പിക്കുകയും ഒരുപാട് അനുഭവങ്ങളും, ലോകവിചാരങ്ങളും പകരുകയും ചെയ്യും. ഈ ലോകത്തിലെ വിവിധ സംസ്കൃതിയും, മാനസികഭാവങ്ങളും, പലതരത്തിലുള്ള ജീവിതാനുഭവങ്ങളും, പ്രകൃതിയുടെ വിവിധ മുഖങ്ങളുമായിരിക്കുമത് നമുക്ക് സമ്മാനിക്കുക. പ്രതേയ്കിച്ചും സുഹ്രുത്തുകളുമൊത്തുള്ള യാത്രയെങ്കിൽ അതിൽ പറഞ്ഞറിയിക്കാനാകാത്ത സന്തോഷത്തിന്‍റെ ആയിരമായിരം കണികകളുണ്ടാകും, ഓർത്തിരിക്കാൻ ഒരുപാട് നിമിഷങ്ങളുണ്ടാകും, ചെറുപരിഭവങ്ങളും, സംഭവങ്ങളും ഉണ്ടാകും. അങ്ങനെയുള്ള ഒരു യാത്ര ആരും ആഗ്രഹിക്കുന്നുണ്ടാകും!, അതിൽ ഒരാളാകാൻ  ഏതൊരാളും ആശിച്ചുപോകും. അങ്ങനെയുള്ള ഒരു യാത്ര ഈയിടെ എന്‍റെ ജീവിതത്തിലും സംഭവിച്ചു. ഓർത്തിരിക്കാൻ ഒരുപാട് നിമിഷങ്ങൾ സമ്മാനിച്ച, ഓഫീസിലെ സുഹൃത്തുക്കള് ഒരുമിച്ച് കിഴക്കിന്‍റെ റോമിലേക്ക് നടത്തിയ ഒരു "ഗോവൻ യാത്ര".

2013 ഒക്ടോബർ മാസം പതിനൊന്നാം തിയതി വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3.35 ന് നമ്മുടെ അനന്തപുരിയിലെ കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ നിന്ന് ഞങ്ങൾ ഒൻപതുപേർ യാത്ര ആരംഭിച്ചു. ഓഫീസിലെ സുഹൃത്തുക്കളായ രാകേഷ്, സനു, സുജിത്, പട്ടു, ദാസരി, ധനേഷ്, പ്രകാശ്‌, അരുണ്‍ കൂടാതെ ഞാനുമായിരുന്നു ആ യാത്രയിൽ ഉണ്ടായിരുന്നത്. എന്നെ റെയിൽവേ സ്റ്റേഷനിൽ യാത്രയാക്കാൻ എന്‍റെ ഭാര്യയും വന്നിരുന്നു. കൃത്യസമയത്തുതന്നെ സ്റ്റേഷനിൽ നിന്ന് തീവണ്ടി പുറപ്പെട്ടു. പശ്ചിമഘട്ടത്തിലെ, ഈ ലോകത്തിലെ ഏറ്റവും കൂടുതൽ സസ്യജാലങ്ങൾ വളരുന്ന മലനിരകള്ക്കരികിലൂടെ, കായലും, കണ്ടൽകാടുകളും മുറിച്ചു കടന്നു പല തുരങ്കങ്ങൾക്കുള്ളിലൂടെ ഞങ്ങളെയും വഹിച്ചു കൊണ്ട് തീവണ്ടി യാത്ര തുടർന്നുകൊണ്ടേയിരുന്നു. എവിടെ നോക്കിയാലും പച്ചപ്പുമാത്രം. ഇത്രയും സുന്ദരമായ കാഴ്ച കൊങ്കണ്‍ വഴിയുള്ളയാത്രയുടെ മാത്രം പ്രത്യെകതയാണ്.
യാത്രയുടെ ആരംഭത്തിൽ തന്നെ ഞങ്ങൾ എല്ലാപേർക്കും ഒരു ബോഗിയിൽ അടുത്തടുത്ത ഇരിപ്പിടങ്ങൾ കിട്ടിയിരുന്നു. കൊച്ചുകൊച്ചു തമാശകളും, കളിയാക്കലും, പലരുടെയും രസകരമായ അനുഭവങ്ങളുടെ വിവരണവുമായി യാത്ര അതിന്‍റെ രസത്തിലേക്ക് പ്രവേശിച്ചു. പിന്നെ കുറെ സമയം ചീട്ടുകളിച്ചും ആ യാത്രാ നിമിഷങ്ങൾ അവിസ്മരണീയമാക്കി. ഇടയ്ക്കു ഒരു സ്റ്റേഷനിൽ വച്ച് പോലീസ് ചീട്ടുകളിക്കല്ലെന്നു പറഞ്ഞതോടുകൂടി കളി അവസാനിപ്പിച്ചു. അത്താഴം കഴിച്ചു 11.00 മണിയോടുകൂടി ഓരോരുത്തരും അവരവരുടെ കിടക്കയിലേക്ക് ചാഞ്ഞു.

അടുത്തദിവസം അതിരാവിലെ ഒന്നുരണ്ടുപേർ ഉണർന്നു. 9.00 മണിയാകാരായപ്പോൾ എല്ലാപേരും എണിറ്റു കഴിഞ്ഞിരുന്നു, അപ്പോഴേക്കും തീവണ്ടി കൊങ്കണ്‍ വഴി യാത്ര തുടർന്നുകൊണ്ടേയിരുന്നു. സഹിയാദ്രിയുടെ പച്ചപ്പിലൂടെ, പുല്മേടുകളെ വകഞ്ഞുമാറ്റി, ജലാശയങ്ങൾക്കരികിലൂടെ, കുന്നുകൾക്കുള്ളിലെ തുരങ്കങ്ങളിലൂടെ, കായലും, പുഴയും മുറിച്ചു കടന്ന് ചെറുതും വലുതുമായ പാലങ്ങളിലൂടെ മായകാഴ്ചകൾ പകർന്ന് തീവണ്ടി അതിന്റെ ഓട്ടം തുടർന്നുകൊണ്ടേയിരുന്നു. എവിടെ നോക്കിയാലും കേരളത്തിലെ പച്ചപ്പിന്റെയും, തെങ്ങിൻ തലപ്പുകളുടെയും വിസ്മയകാഴ്ചകൾ പകർന്ന യാത്ര വേരെയൊരു സംസ്ഥാനത്ത് ആണെന്ന പ്രതീതി ഒരു തരിപോലും ഉണ്ടാക്കിയില്ല. അങ്ങനെ ഏകദേശം ഉച്ചയോടുകൂടി ഞങ്ങൾ തിവിം സ്റ്റേഷനിൽ എത്തി. അവിടെ ഞങ്ങളെയും കാത്തു ഡ്രൈവർ എഡ്വിൻ കാറുമായി നില്ക്കുന്നുണ്ടായിരുന്നു.

സ്റ്റേഷനിൽ നിന്ന് രണ്ടു കാറുകളിൽ 45 മിനിറ്റത്തെ യാത്രക്കുശേഷം ഞങ്ങൾ വഗത്തോറിലെ അല്ലി പല്ലി റിസോർട്ട് എത്തി. വളരെ ഇടുങ്ങിയ റോഡുകൾ വഴിയുള്ള ആ യാത്രയിൽ ഇടയ്ക്കിടെ വളരെ പഴക്കം ചെന്ന കുറെ ദേവാലയങ്ങൾ കണ്ടു. ഞങ്ങൾ നേരത്തെ മുറികൾ ബുക്ക്‌ ചെയ്തിരുന്നതിനാൽ അവിടെയെത്തി ലഗജെല്ലാം മുറിയിലാക്കി, കുളിച്ച്, ഭക്ഷണം കഴിച്ച് ഉടൻതന്നെ ഗോവൻ കടല്തീരങ്ങളുടെ സൌന്ദര്യം ആസ്വദിക്കാനായി അവിടെ നിന്നുമിറങ്ങി.

വാഗത്തോർ ബീച്ച്ഃ ഞങ്ങളുടെ താമസസ്ഥലത്ത് നിന്ന് വളരെ അടുത്ത് ആയതിനാൽ നടന്നാണ് പോയത് ഏകദേശം 10 മിനുട്ടത്തെ നടത്തത്തിൽ ഞങ്ങൾ കടൽത്തീരത്തെത്തി. ആ സമയം നല്ല വെയിൽ ആയിരുന്നു. വാഗത്തോർ ആരെയും മോഹിപ്പിക്കുന്ന കടൽത്തീരമാണ്, ചെറു പാറകളും, അഴകുള്ള മണല്ത്തീരവും അരികിൽ ചപോറാ  കോട്ടയും, കുന്നും നദിയും എല്ലാം ചേർന്ന് പ്രകൃതി അതിന്റെ വശ്യമായ സൌന്ദര്യം കനിഞ്ഞു നല്കി അനുഹ്രഹിച്ച സ്ഥലമാണെന്ന് ഒറ്റ നോട്ടത്തിൽ തന്നെ അനുഭവവേദ്യമാകും. നല്ല വെയിലും ചൂടും ആയതിനാലാണെന്നു തോന്നുന്നു കുറച്ചു വിദേശ വിനോദ സഞ്ചാരികള് മാത്രമേ ഉണ്ടായിരുന്നുള്ളു. 

അടുത്തതായി ഞങ്ങൾ പോയത് ചപോറാ കോട്ടയിലെക്കായിരുന്നു. ചപോറാ നദിയുടെ അരികിലായി കോട്ട പണികഴിപ്പിച്ചത് 1717- ലാണ്. ഞങ്ങൾ വഗത്തോർ കടൽകരയിലെ കുന്നിൻ ചരിവിലൂടെ കോട്ടയിലേക്ക് കയറി. കോട്ടയിൽ നിന്നു നോക്കിയാൽ വടക്ക് അതിസുന്ദരിയായ ചപോറാ നദിയും, തെക്ക് വഗത്തോറും, പടിഞ്ഞാറ് ആരുടേയും മനസ്സിനെ മോഹിപ്പിക്കുന്ന അറബി കടലുമാണ്. കോട്ടക്ക് അകത്തെ ശാന്തതയും, അതിനെ ചുറ്റിയുള്ള പുൽമേടും, വശ്യമായ ദൂര കാഴ്ചകളും ഏതൊരു മനുഷ്യഹൃദയത്തെയും ഒന്ന് മോഹിപ്പിക്കും. പഴയ കോട്ടയുടെ ശേഷിപ്പുകൾ ഇന്നും ഗതകാലത്തിന്റെ പ്രൗഡിയുമായി പ്രകൃതിയുമായി ഇഴുകിച്ചേർന്ന് നിൽക്കുന്നത് ഇവിടെ നമുക്ക് ദർശിക്കാനാകും. 6.30 മണിയോടുകൂടി ചപോറാ കുന്നിൻ ചരിവിലൂടെ വീണ്ടും ബീച്ചിലേക്ക് ഇറങ്ങി. മുകളിൽ നിന്നു ഇറങ്ങാൻ തുടങ്ങുമ്പോൾ തന്നെ സൂര്യൻ പടിഞ്ഞാറൻ ചക്രവാളത്തിലേക്ക് തന്റെ യാത്ര തുടങ്ങിരുന്നു. ഞങ്ങൾ പകുതി ദൂരം താണ്ടിയപ്പോഴേക്കും നല്ല ഇരുട്ടായി. പിന്നെ കടൽത്തീരം വരെ എത്തിപെടാൻ നന്നേ പ്രയാസപ്പെട്ടു, മൊബൈലിന്റെ വെട്ടത്തെയും ആശ്രയിക്കേണ്ടിവന്നു.

ബീച്ചിൽ എത്തിയപ്പോഴേക്കും ശൂന്യായാകാശത്തിൽ  ചന്ദ്രനും, താരകങ്ങളും നിരന്നു കഴിഞ്ഞിരുന്നു. പക്ഷെ വൈദ്യുതദീപങ്ങൾ ഒന്നും ഇല്ലാത്തതിനാൽ കടൽത്തീരം ഇരുണ്ടുതന്നെ കിടന്നു. വിനോദസഞ്ചാരികൾ ആരുമുണ്ടായിരുന്നില്ല. ഞങ്ങൾ അവിടെ കടൽകരയിലെ പാറകളിൽ കുറെ സമയമിരുന്നു രാത്രിയിലെ ഇളംകാറ്റും, തിരമാലകളുടെ സംഗീതവും, കുളിരും നുകർന്ന് താമസസ്ഥലത്തേക്ക് തിരിച്ചു. വരുന്ന വഴിക്ക് വില്ലീസ് നിർവാണ കഫെ നിന്നു ഭക്ഷണം കഴിച്ചു. ഇവിടത്തെ എല്ലാ ഭക്ഷണശാലകളിലും മദ്യവും വൈ-ഫൈയും ഉണ്ടാകും. റൂമിലെത്തി കുളിച്ച് 10.30 മണിയോടുകൂടി ഉറങ്ങാൻ കിടന്നു.

അടുത്തദിവസത്തെ യാത്ര നിർവാണയിലെ പ്രഭാതഭക്ഷണത്തോടുകൂടി ആരംഭിച്ചു. തലേനാൾ തന്നെ ഞങ്ങൾക്ക് യാത്ര ചെയ്യുവാനായി ഒരു കാർ രണ്ടു ദിവസത്തിന് ഏർപ്പാട് ചെയ്തിരുന്നു. അരുണും പ്രകാശും  മാറി മാറി ഓടിച്ചതിനാൽ വേറെ ഡ്രൈവറെ വേണ്ടിവന്നില്ല. രാവിലെ തന്നെ ഗോവയുടെ തലസ്ഥാനമായ പനാജി(പഞ്ചിം) യിലേക്ക് യാത്ര തിരിച്ചു. എവിടെ നോക്കിയാലും പച്ചപ്പ്മാത്രം, റോഡിൻറെ അരികിൽ ഇടയ്ക്കിടെ ചില ടൂറിസ്റ്റ് വീടുകളും, ഭക്ഷണശാലകളും കണ്ടു. ഞാൻ നേരത്തെ പറഞ്ഞതുപോലെ ഇവിടെ എല്ലാ ഭക്ഷണശാലകളിലും മദ്യം കിട്ടും. റോഡിൻറെ വശങ്ങളിൽ വീടുകൾ നന്നേ കുറവാണ്, അങ്ങിങ്ങ് ചില വീടുകൾ മാത്രമാണ് കണ്ടത്. വീടുകളെല്ലാം റോഡിൽ നിന്നു അകലെ ഉൾഭാഗത്തയിരിക്കാം. മുഖ്യമായ കവലകളിൽ കുറെ കടകളും ആൾ തിരക്കുമുണ്ടാകും. ഏകദേശം 12.00 മണിയോടുകൂടി ഞങ്ങൾ പഞ്ചിമിലെത്തി.

പഞ്ചിം മണ്ടോവി നദിയുടെ അരികിലാണ് സ്ഥിതിചെയ്യുന്നത്. നദി
അതിന്റെ വശ്യമായ സൗന്ദരിയംപഞ്ചിമിലേക്ക് പകരുമ്പോൾ പഞ്ചിം പഴയകാല പോർച്ചുഗീസ് സംസ്കൃതിയുടെയും, ശില്പകലയുടെയും പ്രൗഡി വിളിച്ചോതി, ഗതകാലത്തെ ഓർമ്മകളുമായി പഴമയെ കൈവിടാതെ പുതുമയെ സ്വീകരിക്കുന്ന കാഴ്ച നമുക്ക് കാണാം. ഞങ്ങൾ പഞ്ചിമിലെത്തി ആദ്യം പോയത് നഗര ഹൃദയത്തിലെ പൂന്തോട്ടത്തിലും, our lady of the immaculate പള്ളിയിലുമായിരുന്നു. ഈ പള്ളി 1541-ൽ പണികഴിപ്പിച്ചതാണ്. പഴയ ശില്പചാരുതയുടെ പ്രൗഡിയുമായി തലയെടുപ്പോടെ നഗരത്തിന്റെ ഹൃദയഭാഗത്ത്‌ സ്ഥിതിചെയ്യുന്ന ഈ പള്ളി ആരെയും ആകർഷിച്ചുപോകും. ഞങ്ങൾ എത്തിയപ്പോൾ പള്ളിയിൽ അറ്റകുറ്റപണിനടക്കുന്നതിനാൽ അകത്തു കയറാൻ സാധിച്ചില്ല. അവിടെ നിന്നു കാൽനടയായി Fontainhas  ഉം, St.Sebastian പള്ളിയും, പഴയ പോർച്ചുഗീസ് കെട്ടിടങ്ങളും കണ്ടാസ്വദിച്ചു. അവയെല്ലാമിന്നും പാചാത്യ സ്മൃതികളുടെ ഓർമ്മകളുമേന്തി നമ്മെ മോഹിപ്പിക്കുന്നു. ഇവിടത്തെ ഓരോ ഇടനാഴികകൾക്കും ഒരായിരം കഥകൾ പറയാനുണ്ടാകും.



അടുത്തതായി ഞങ്ങൾ Church Of St Francis Assisi,  Se Cathedral , Archaelogical Museum , Basalica Of Bom Jesus എന്നിവ കാണാനായി യാത്രയായി. ഏകദേശം ഉച്ചയോടുകൂടി St Francis അസ്സിസിയിലെത്തി. ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളിൽ ഒന്നാണിത്. ഇത്രയും വലിയ ഒരു പള്ളി ഞാൻ ഇതിനു മുൻപ് കണ്ടിട്ടുണ്ടായിരുന്നില്ല. ഇതിന്റെ പണി 1552-ൽ തുടങ്ങി 1619- ലാണ് അവസാനിച്ചത്‌. ഇവിടെ എത്തികഴിഞ്ഞപ്പോൾ ഏതോ പാചാത്യലോകത്ത് എത്തിപ്പെട്ട പ്രതീതിയായിരുന്നു. അത്രയ്ക്ക് മനോഹരമായിരുന്നു പള്ളിയും അതിന്റെ ചുറ്റുപാടും. പോർച്ചുഗീസ് കലാചാരുതയുടെ മകുടോധാഹരണമായ ഈ സ്ഥലം ഇന്ന് "ലോക പൈതൃക സ്മാരകങ്ങളിൽ" ഒന്നാണ്. ലോക പ്രശസ്ത തീർഥാടന കേന്ദ്രവും. ആ പള്ളിയിൽ കയറി കുറച്ചു സമയം മുട്ടുകുത്തി നിന്നു ഈശ്വര സ്നേഹവും അനുഗ്രഹവും തേടി പ്രാർത്ഥിച്ചു. ഈ മഹാവിസ്മയത്തിലെ ഈശ്വര ചൈതന്യവും, അൾതാരകളും ഏതൊരു ക്രൈസ്തവനെയും ഭക്തിയിലേക്ക് അടുപ്പിക്കും. പള്ളിക്ക് അകത്തെ കലാചാരുതയും പഴമയും എന്നെ വല്ലാതെ മോഹിപ്പിച്ചു. അടുത്തതായി
ഞങ്ങൾ അതിനടുത്തു തന്നെയുള്ള "Basalica Of Bom Jesus " പള്ളിയിലെ വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ ഭൌതീകശരീരം കാണാനായി അങ്ങോട്ട്‌ ചലിച്ചു. ചുമന്ന വെട്ടു കല്ലുകളാലാണ് ഇത് പണി കഴിപ്പിച്ചിരിക്കുന്നത്. 400 വർഷം പഴക്കമുള്ള ഈ വിസ്മയത്തിന്റെ അകത്താണ് വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ ഭൌതീകശരീരം സൂക്ഷിച്ചിരിക്കുന്നത്. ഇവിടത്തെ പള്ളികൾ കാണുമ്പോൾ നാം ഏതോ പഴയ ലോകത്തിലാണെന്ന് തോന്നിപോകും.



അടുത്തതായി ഞങ്ങൾ പോകാൻ തീരുമാനിച്ചത് മിറാമർ കടല്ത്തീരമായിരുന്നു. അവിടെക്കുള്ള യാത്രയിൽ ജലാശയത്തിൽ ആരെയും മോഹിപ്പിക്കുമാറ് രാജകീയപ്രൗഢിയൊടെ കുറെ കാസിനോസ് കണ്ടു. വൈകുന്നേരം നാല് മണിയോടുകൂടി ഞങ്ങൾ മിറാമർ കടൽത്തീരമെത്തി. അവിടെ അടുത്തൊന്നും ഹോട്ടൽ ഇല്ലാത്തതിനാൽ ലഘു ഭക്ഷണം കഴിച്ച് വോളിബോൾ കളിക്കാനായി മണല്ത്തീരത്തിറങ്ങി. അപ്പോൾ സൂര്യൻ അതികഠിനമായ തന്റെ നോട്ടം ഞങ്ങളിലേക്ക് ചൊരിഞ്ഞുകൊണ്ടിരിന്നു. അതൊന്നും വകവൈക്കാതെ ഏകദേശം ഒരു മണിക്കൂറിലധികം കളിച്ചുല്ലസിച്ചു. അപ്പോഴേക്കും മിറാമർ സാഗരതിരമാലകളും, പടിഞ്ഞാറൻ ചക്രവാളത്തിലെ ചുമപ്പും ഞങ്ങളെ മാടിവിളിക്കുണ്ടായിരുന്നു. കുറച്ചുപേർ ആ സായാഹ്നം അവിസ്മരണീയമാക്കി കടൽതിരകളിൽ കുളിച്ചുല്ലസിച്ചു. വശ്യമായ അനുഭൂതികൾ തീർക്കുന്ന സായാഹ്നത്തിലെ അസ്തമയത്തിന്റെ ആ വിസ്മയകാഴ്ചകൾ ഇപ്പോളുമെൻ കണ്‍മുന്നിൽ തെളിയുന്നു.രാത്രി 9.00 മണിയോടുകൂടി കലങ്ങുട്ട് എത്തി. കുറച്ചുസമയം നഗരത്തിലെ രാത്രി സൗന്ദര്യം ചുറ്റിനടന്ന് ആസ്വദിച്ചു. ഭക്ഷണം കഴിച്ച് താമസസ്ഥലത്ത് എത്തി കിടക്കയിലേക്ക് ചാഞ്ഞപ്പോൾ അർദ്ധരാത്രി 1.30 കഴിഞ്ഞിരുന്നു.
 
അടുത്ത സുപ്രഭാതം പോട്ടിവിടരുന്നതിനു മുൻപുതന്നെ കുറച്ചുപേർ വഗത്തോർ കടൽത്തീരത്തിന്റെ പുലരിയുടെ വിസ്മയകാഴ്ചകൾ കണ്‍കുളിർക്കെ കണ്ടാസ്വദിക്കാൻ പോയി. പക്ഷെ ഞാൻ എന്റെ കിടക്കവിട്ട് എണിക്കാൻ ഒരുക്കമല്ലായിരുന്നു. അന്നത്തെ യാത്ര ഞങ്ങൾ ആരംഭിച്ചത് 10.00 മണി കഴിഞ്ഞായിരുന്നു. പോയദിവസങ്ങളിലേതുപോലെ നിർവാണയിൽ നിന്നു ഭക്ഷണം കഴിച്ച്
10.45 മണിയോടുകൂടി ബാഗ ബീച്ചിലേക്ക് തിരിച്ചു. അതീവ സുന്ദരിയായ ബാഗ ആരെയും മോഹിപ്പിക്കും. ഈ കടൽത്തീരം parasailing , water sports (banana ride) പിന്നെ Dolphin Cruises എന്നിവയ്ക്ക് വളരെ പേരുകേട്ടതാണ്. ബാഗ കടൽത്തീരം ഇപ്പോഴും കലഹിച്ചു കൊണ്ടിരിക്കുന്ന പ്രതീതിയായിരുന്നു. എവിടെ നോക്കിയാലും വിനോദസഞ്ചാരികളുടെ തിരക്ക്. ഇത്രയും തിരക്കുള്ള കടൽത്തീരം ഇവിടെ എത്തിയത്തിനുശേഷം ആദ്യമായി കാണുകയായിരുന്നു. ഞങ്ങൾ എല്ലാപേരും parasailing ചെയ്യാൻ തയ്യാറായിരുന്നു, അതിനുവേണ്ടി ഞങ്ങളെ ഒരു ബോട്ടിൽ കയറ്റി കടലിനകത്തു ഒരു കിലോമീറ്റർ അകലെ നിർത്തിയിട്ടിരുന്ന മറ്റൊരു ബോട്ടിൽ കയറ്റി. അതിൽ കയറി കുറച്ചു സഞ്ചരിച്ചതും ഞാനുൾപ്പെടെ പലർക്കും തലകറക്കം അനുഭവപ്പെട്ടു. കുറച്ചു സമയം കഴിഞ്ഞപ്പോൾ എല്ലാം ശരിയായി. പിന്നെ ഞങ്ങൾ ഓരോരുത്തരായി പാരചൂട്ടിൽ കയറി. നീലാകാശത്തിൻ താഴെ, നീലകടലിൻ മുകളിൽ പരചൂട്ടിൽ കടലിനുമുകളിലൂടെ ഒരു കടൽ പക്ഷിയെപോൽ പരന്നുല്ലസിക്കാൻ നല്ല രസമായിരുന്നു. തിരികെ തീരത്തെത്തി ഞങ്ങൾ Dolphin Cruises -ൽ പോകാൻ തീരുമാനിച്ചു. കടൽത്തിരമാലകൾക്ക് മുകളിലൂടെ അതിവേഗത്തിൽ തിരമാലകളെ തഴുകി പാഞ്ഞുപോകുന്ന, പൊങ്ങിയും, താണുമുള്ള സാഹസം നിറഞ്ഞ നല്ലൊരു യാത്രയായിരുന്നു. കുറച്ചു സമയം കൂടി കടൽതീരത്തിന്റെ   സൗന്ദര്യം ആസ്വദിക്കാനായി അവിടെ ചിലവഴിച്ചിട്ടു ഭക്ഷണം കഴിക്കാനായി 3.30 മണിയോടുകൂടി അവിടെ നിന്നും തിരിച്ചു.


വൈകുന്നേരം 4.15 ന് സ്മാൾ പാംസ് ഹോട്ടൽ നിന്നു ഭക്ഷണം കഴിച്ചിട്ട് വീണ്ടും കലാൻഗുട്ട് കടൽതീരത്തേക്ക് വിട്ടു. ചെഞ്ചായം ചൊരിയുന്ന സൂര്യന്റെ വർണപ്രഭയിൽ അ കടൽത്തീരത്ത്‌ കുറച്ചു സമയം ഫുട്ബോൾ കളിച്ചു. പിന്നെ കുറെ സമയം തിരമാലകളുടെ സംഗീതവും, സന്ധ്യാകാറ്റിൻ തണുപ്പും നുകർന്ന് നീലാകാശവും, കടൽതിരയും നോക്കി മണൽതീരത്ത് കിടന്നു ഓർമ്മയിലേക്ക്  ഊളിയിട്ടു. ആ മയക്കത്തിൽ നിന്നുണർന്നപ്പോൾ സൂര്യൻ തൻറെ ചൂടും, വർണങ്ങളും കൈയിലേന്തി പോയ്‌മറഞ്ഞിരുന്നു. രാത്രിക്ക് സ്വാഗതമേകി പോയ്‌മറഞ്ഞ സൂര്യന്റെ ദുഖത്തിൽ നിന്നും അരണ്ട വെളിച്ചത്തിൻ പൊൻപ്രഭയുമായി ആകാശത്തിൽ ചന്ദ്രൻ പതിയെ തെളിഞ്ഞുവന്നു. ഒരു സ്വപ്നത്തിലെന്നപോൽ ആ വശ്യമനോഹരമായ സന്ധ്യ മതിയാകുവോളം ആസ്വദിച്ചു ഞങ്ങൾ ഗോവയിലെ വിനോദയാത്രയിലെ അവസാനത്തെ സയന്തനതോടും വിടപറഞ്ഞു. ദി മംഗോ ട്രീ ഹോട്ടൽ നിന്നു ഭക്ഷണം കഴിച്ച് പുറത്തിറങ്ങിയപ്പോൾ അർദ്ധരാത്രി 12.30 കഴിഞ്ഞിരുന്നു. അന്ന് രാത്രി കുറേസമയം ചീട്ടുകളിച്ചിട്ടു ഉറങ്ങാൻ കിടന്നത് 2.00 മണിക്കായിരുന്നു.


അടുത്ത ദിവസം ഒൻപത് മണിക്കായിരുന്നു ഉണർന്നത്‌. ചിലർ പൊന്നിൻ സുപ്രഭാതത്തിലെ കടൽത്തീര സൗന്ദര്യം ഒരിക്കൽക്കൂടി ആസ്വദിക്കാനായി അതിരാവിലെ വഗത്തോർ തീരത്തേക്ക് പോയിരുന്നു. ഏകദേശം 11.00 മണിയോടുകൂടി രണ്ടു കാറുകളിലായി അല്ലി പല്ലി റിസോർട്ട് നിന്നും മർഗോവയിലേക്ക് തിരിച്ചു. 2.45 നായിരുന്നു ഞങ്ങളുടെ ട്രെയിൻ. ഏകദേശം 1.45 ന് ഞങ്ങൾ സ്റ്റേഷൻ എത്തി. സ്റ്റേഷനിൽ നിന്നു നോക്കുമ്പോൾ 2004- തുടങ്ങിയ ആകാശ ബസ്എന്ന ഗോവയുടെ സ്വപ്ന പദ്ധതി ഉപേക്ഷിക്കപെട്ടനിലയിൽ കാണാം. മൂന്ന് മണിയായപ്പോൾ രാജധാനി
എക്സ്പ്രസ്സ്ഡൽഹിയിൽ നിന്നും 1800- അധികം കിലോമീറ്ററുകൾ താണ്ടി ഗോവയുടെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷനിൽ എത്തി. അങ്ങനെ മൂന്ന് മണിയോടുകൂടി കഴിഞ്ഞ കുറെ ദിവസത്തെ സന്തോഷവും, അനുഭവങ്ങളും, ആഘോഷങ്ങളും, സുന്ദര നിമിഷങ്ങലുമെല്ലാം ഓർമ്മയാക്കി ഞങ്ങൾ പഴയ പോർച്ചുഗീസ് കോളനിയോടു വീണ്ടും വരാമെന്ന് മനസ്സിൽ മന്ത്രിച്ചുകൊണ്ട് യാത്രാ മൊഴി ചൊല്ലി.

അടുത്ത ദിവസം ചൊവ്വാഴ്ച രാവിലെ 9.00 മണിക്ക് എന്നെ സ്വപ്നത്തിൽ നിന്നുമുണർത്തി രാജധാനി എക്സ്പ്രസ്സ്അനന്തന്റെ മണ്ണിൽ യാത്ര അവസാനിപ്പിച്ചു....

                                                                                                                      കുളപ്പുറം ഷാജി.

About this blog

ഓര്‍മിക്കാനും ഓമനിക്കാനും എല്ലാരുടെയും ജീവിതത്തില്‍ പഴയ ഒരുപാടു ഓര്‍മകള്‍ ഉണ്ടായിരിക്കും. ഞാന്‍ എപ്പോഴും പഴയ ഓര്‍മകളുടെ കളികൂട്ടുകാരനാണ് , ആ പഴയ ഓര്‍മകളില്‍ മുഴുകി ഏറെ നേരമിരിക്കാന്‍ ഞാന്‍ ആശിച്ചുപോകാറുണ്ട് , ആ നിമിഷത്തില്‍ എന്റെ മനസ്സില്‍ കടന്നു വരുന്ന ചിലത് ഞാനിവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നു.....